Saturday 4 January 2014

കുട്ടിക്കാലം

ആയുസ്സിന്റെ പുസ്തകത്തിലെ ആമുഖമാണ് കുട്ടിക്കാലം. സങ്കടങ്ങളും സമ്മര്‍ദ്ദങ്ങളുമില്ലാതെ പൂമ്പാറ്റയെപ്പോലെ പാറിനടക്കേണ്ട പ്രായം. കുറുമ്പുകാട്ടി തല്ലുമേടിച്ചും പൂക്കളോടും കളിപ്പാട്ടങ്ങളോടും കഥ പറഞ്ഞും നടക്കേണ്ട സുന്ദരക്കാഴ്ചകളുടെ കാലം. മനുഷ്യായുസ്സില്‍ ഏറ്റവുമധികം സ്വാതന്ത്ര്യമനുഭവിക്കേണ്ട ഈ കാലത്താണ് മാതാപിതാക്കളുടെ ആഗ്രഹങ്ങളുടെ ഭാരം കുട്ടികള്‍ക്കു ചുറ്റും തടസങ്ങള്‍ സൃഷ്ടിക്കുന്നത്. മാതാപിതാക്കളുടെ വലിയ വലിയ ആഗ്രഹങ്ങള്‍ക്കു മുമ്പില്‍ താന്‍ ആരാകണമെന്ന കുട്ടികളുടെ ഇഷ്ടത്തിന് ഒരു വിലയുമുണ്ടാകാറില്ല. മക്കളെ ഭാവി അംബാനിയും ചിത്രയും മോഹന്‍ലാലുമൊക്കെ ആക്കാന്‍ ശ്രമിക്കുന്ന അച്ഛനമ്മമാര്‍ സമൂഹത്തിന് സമ്മാനിക്കുന്നത് സാമൂഹ്യ ബോധമില്ലാത്ത ഒരു 'അമൂല്‍ ബേബി'യെയായിരിക്കും.
രാവിലെ സംഗീതക്ലാസ് അതുകഴിഞ്ഞ് സ്‌കൂളിലെ ക്ലാസ് വൈകുന്നേരം ട്യൂഷന്‍ എല്ലാം കഴിഞ്ഞ് കുട്ടികള്‍ വീട്ടിലെത്തുമ്പോള്‍ സമയം പാതിരാവായിരിക്കും. ഈ സമയമെല്ലാം നഷ്ടമാക്കുന്നത് കഥ പറയാനും കളിക്കാനുമുള്ള ആഗ്രഹത്തോടൊപ്പം അച്ഛന്റെയും അമ്മയുടെയും സ്‌നേഹവും പരിചരണവും കിട്ടാനുള്ള നിമിഷങ്ങള്‍ കൂടിയാണ്. മാതാപിതാക്കളുടെ നിര്‍ബന്ധത്തിനു വഴങ്ങി എന്‍ജിനിയറിങ്ങിനും മെഡിസിനും പോകുന്ന കുട്ടികള്‍ പലപ്പോഴും പഠനത്തില്‍ ചക്രശ്വാസം വലിക്കുന്നത് തെളിഞ്ഞുകാണുന്ന വസ്തുതയാണ്. കുട്ടികളുടെ കഴിവുകള്‍ തിരിച്ചറിഞ്ഞ് അവരെ അതില്‍ മിടുക്കരാക്കാനുള്ള അവസരവും പ്രോത്സാഹനവും നല്കാതെ ശിക്ഷണത്തിലൂടെ താന്‍ ആഗ്രഹിച്ചത് എന്താണോ അത് കുട്ടികളെ ആക്കാന്‍ ശ്രമിക്കുന്ന അച്ഛനമ്മാര്‍ ഓര്‍ക്കേണ്ട കാര്യം സമൂഹത്തിന് ബാധ്യതയാവാനല്ല മറിച്ച് മാതൃകയാവാനാണ് മക്കളെ വളര്‍ത്തേണ്ടതെന്നാണ്. മാനസിക വികാസത്തിനും വൈകാരിക വികാസത്തിനും മാതാപിതാക്കളുടെ കുട്ടികളോടുള്ള സമീപനം പ്രധാനമാണെന്നിരിക്കെ ആഗ്രഹങ്ങളുടെ ഭാരം ഇല്ലാതാക്കുക വഴി വളര്‍ന്നുവരുന്ന ഒരു നല്ല വ്യക്തിത്വത്തെയായിരിക്കും വാര്‍ത്തെടുക്കാനാകുക. സ്‌നഹമുകുളങ്ങളായ കുട്ടികള്‍ അവരുടെ സഞ്ചാരപാത സ്വയം തിരഞ്ഞടുക്കട്ടെ, എന്തിനവരുടെ പുഞ്ചിരി നാം ഇല്ലാതാക്കണം എന്ന് ചിന്തിച്ചു തുടങ്ങിയാല്‍ ഇവിടെ ജനിക്കുന്ന കുട്ടികള്‍ നാടിന് ബാധ്യതയാവാതെയെങ്കിലുമിരിക്കാം

No comments: